ശരണം തേടുന്ന പമ്പ…

ഇരുകരകൾക്കും ഹ്യദയതാളമായ്
തടം തല്ലിപ്പാഞ്ഞപ്പുഴയത്രേ പമ്പ,
പുഴയും തീരവും തിരിച്ചറിയാത്ത
നിലയിൽ,നീയിന്നു ശരണം തേടുന്നു….
ഇടറി വീഴുന്ന മിഴിനീർപോലെ നീ
അവിടവിടെയായ് തളം കെട്ടി നില്പൂ…
മലനിരകളും വനതടങ്ങളും
കടന്നു വന്നു നീ കുളിർ പകർന്ന നാൾ…
ജനപദങ്ങൾ നിൻ തെളിനീരിൽ മുങ്ങി
നിവരുമ്പോൾ മനം തെളിഞ്ഞു പൂതമായ്..
മനുജനാമോദപ്പടയണിപ്പാട്ടിൽ
അരിയകോലത്തിലുറഞ്ഞു തുള്ളുന്നൂ….
തിരുവോണത്തോണി തിലകം ചാർത്തുന്ന
തിരകളിൽ പള്ളിയുണരുന്നോടങ്ങൾ..
മധുരഭാഷയ്ക്കു നിലമൊരുക്കുവാൻ
കരുണേശന്മാർക്കു കുളിർപകർന്നു നീ
സുക്യതഗംഗയായ് .., മലയാളത്തിന്റെ
പരന്ന മണ്ണിൽ നീ പ്രണയകാലമായ്..
വയലുകൾക്കൊക്കെ, സമ്യദ്ധിയേകി നീ
വെയിലു ചായുമ്പോൾ മഴവിൽ തീർത്തതും
കനവ് മാത്രമായ്…കഥകൾ മാത്രമായ്…
നിനവിൽ നീയൊരു ചരിത്രബിന്ദുവായ്…
ഇനിയുമെന്നു നീ നിറഞ്ഞ പമ്പയായ്
കളകളം പാടി പതഞ്ഞൊഴുകുന്നു…?
ഇനിയെനിക്കെന്നു പുലരികൾ നിന്റെ
വിരിമാറിൽ മുങ്ങിക്കുളിരണിഞ്ഞിടാൻ…?
കടന്നുപോയവർക്കുദകമേകുവാൻ
ഇനിയുമെന്നു നീ കടന്നു വന്നിടും…?
ഒരിക്കൽക്കൂടി നീ നിറഞ്ഞൊഴുകണം
പാപക്കറകളൊക്കെയും കഴുകിമാറ്റണം
കരളു കീറുമീപുതുഹലായുധർക്ക-
നുസരിക്കാത്ത പ്രളയമാകണം….
ഹ്യദയവാഹിനിയാകണം പിന്നെ നീ
പുതുയുഗത്തിനു പുണ്യമേകീടണം….?
ബുദ്ധായനം
വീട്ടാക്കടങ്ങള്‍

മനസ്സ് പോലും അന്യാധീനമാക്കപ്പെടുമ്പോള്‍ കവിതയൊക്കെ എവിടെനിന്നു ഉരുവംകൊള്ളാന്‍...?വീണ്ടും ഒരു പഴയ പ്രസിദ്ധീക്യത കവിത...സഹിക്കുക...
സീതപ്പെങ്ങള്‍

[മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീച്ച മറ്റൊരു കവിത.ദയവായ് ചിത്രത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്യൂ.]
മകളോട്....

മകളേയിതുനിനക്കായ്ക്കുറിക്കുമ്പൊഴും
മിഴിയിലാര്‍ദ്രതാമഷി പടരുമ്പൊഴും
ഇരുളുവന്നെന്നെപ്പൊതിയുമ്പൊഴും നിന്റെ
മ്യദുസ്വരം വന്നെന്‍ക്കാതിലലിയുന്നു
എങ്ങനോമനേ നിന്മുഖം പത്മമോ..?
കാന്തിയേറുന്ന പനിമതിക്കൊപ്പമോ..?
ഇന്നു നീ ചിരിക്കുന്നോ..?കരയുന്നുവോ..?
അമ്മയൊപ്പം പരിഭവിക്കുന്നുവോ..?
'ഇങ്കു'ചാലിച്ചെടുത്തുതരുവതും
പൊന്നുതേനിലുരച്ചു തരുന്നതും
അന്നലൂഞ്ഞാലിലാട്ടിയുറക്കുവാന്‍
അമ്മയോടൊത്തു താരാട്ടു ചൊല്‍വതും..
ഏറെയെന്തിനു വായിച്ചെടുക്കണം ...?
ഒക്കെയന്യമായ്ത്തീരുന്ന നാള്‍കളില്‍.. .
പിന്നെയോര്‍ത്തെന്റെ ചങ്ങാതിമൊഴികളെ
"കവി പറയുന്ന പോലല്ല കാര്യങ്ങള്‍.....
കവിതപോലല്ല.. കല്പനപോലല്ല..
മോഹമണ്ണു വിഴുങ്ങുന്നു ഭാഗ്യങ്ങള്‍ ....."
കാലമേല്പിച്ച കൌതുകമാണു നീ..
കാവ്യമായ് വന്ന ധന്യതയാണു നീ..
കല്‍വിളക്കിലും കത്തുന്ന നെയ്ത്തിരീ
സ്വര്‍ണ്ണനാളമായ് വന്നവളാണു നീ..
നേരിലൊന്നിനിയെന്നു ഞാന്‍ കാണുന്നു..?
നാള്‍കളെത്രയിനിക്കഴിക്കേണ്ടുന്നു..?
എന്റെ വര്‍ണ്ണരഥങ്ങള്‍ പറക്കുന്നൂ...
വീഥിയത്ര സുഗമമല്ലെങ്കിലും ....
എന്മലരേ,നിനക്കായൊരിക്കലീ-
യച്ഛനെത്തും ..തിരിച്ചറിഞ്ഞീടുമോ..?
(വീണ്ടും പ്രവാസദു:ഖം തന്നെ.2000-ല്‍ മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണീ കവിത.മറ്റൊന്നും പോസ്റ്റ് ചെയ്യാന്‍ ഇല്ലാത്തതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.സദയം ക്ഷമിക്കുക.)
ദു:ഖവെള്ളിയാഴ്ച്ചകള്‍

നാട്ടിലേക്ക് വിളിക്കുവാന്‍ നേരമായ്
വെള്ളിയാഴ്ച്ച വിഷാദങ്ങളേകുന്നു..
കാതമക്കരെ കാതുകൂര്‍പ്പിച്ചവള്‍
കാത്തിരിക്കുന്നു...ഞനെന്തു ചൊല്ലുവാന്‍..?
എങ്കിലും വാങ്ങി 'പ്രീപെയ്ഡൊ'രെണ്ണം ഞാന്‍
നിന്നെയൊന്നു വിളിക്കാതെ വയ്യല്ലോ...
എന്തു ചൊല്ലാന്‍ വിശേഷങ്ങളായി..?ഞാന്‍
ഇങ്ങനൊക്കെക്കഴിഞ്ഞു കൂടീടുന്നു..
(ഉഷ്ണമാപിനി പോലും പനിക്കുന്ന
താപമേറ്റ് തളര്‍ന്നത് ചൊല്ലണോ?
വീട്ടുവാടക കൂടുന്നു...തീവില..
ജോലി ചേമ്പിലേല്‍ വീണ വെള്ളം പോലെ..
എന്തിനീ പരമാര്‍ഥങ്ങളൊക്കെയും
നീയറിഞ്ഞിട്ട് വേദന തിന്നണം..?)
നല്ലുടുപ്പൊന്ന് വാങ്ങിയോ കുട്ടന്..?
പൊന്നുമോള്‍ ക്ലാസ്സിലൊന്നാമതെത്തുമോ?
അമ്മ,അച്ഛന്‍ തുടങ്ങിയോരൊക്കെയും
സൗഖ്യരാണല്ലോ..നിന്‍ കാര്യമെങ്ങെനെ?
പിന്നെ നിന്റെ പരിദേവനങ്ങളായ്..
ചിനുചിനെയെന്ന ചാറ്റമഴപോലെ..
"ശമ്പളം കിട്ടിയെന്‍പേര്‍ക്കയച്ചുവോ..?
അച്ഛനെയിട്ടലട്ടുന്നതെങ്ങനെ?
അമ്മതന്‍ മരുന്നൊക്കെ മുടങ്ങാതെ
വാങ്ങിടേണ്ടെ,കുഴമ്പും കഷായവും..?
മക്കള്‍ നന്നായ് പഠിക്കുന്നു,സ്കൂളിലെ
ഫീസ്,വേണം തലവരി വേറെയും...
നിങ്ങളുണ്ടോ അറിയുന്നു പ്രാരാബ്ധം?
ഒക്കെയൊറ്റ്യ്ക്ക് ചെയ്തു തീര്‍ത്തീടുന്നു....
നിങ്ങളില്ലാത്ത ന്യൂനതയൊന്നുമേയാ-
രെയെന്തിന് ഞാനറിയിക്കണം..?
വയ്യ വയ്യിനി ..ഓടിത്തളര്‍ന്നു ഞാന്‍
'ലീവ'തെങ്ങാനും കിട്ടി വരാറായോ..?“
പിന്നെ നിന്റെ പരിഭവമൊക്കവേ
പെയ്തു തീരാതെ പേമാരിയാകുമ്പോള്‍..
ഞാനിറങ്ങി നടന്നൂ പൊരിവെയില്‍-
ത്തണലിലേകനായെന്‍'കാര്‍ഡ്' തീര്‍ന്നുപോയ്....
ഡെഡിക്കേഷന്‍

ഏറെ നാളായ് കാത്തിരുന്ന അവധിയെത്തി;
വര്‍ഷപ്പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നപോലെ.....
എന്തൊരാവേശമായിരുന്നു....!
എല്ലാവരേയും കാണാന്‍...
അതു മാത്രമായിരുന്നോ....?
അവളെ ഒന്നു കണ്‍കുളിര്‍ക്കെ കാണാന്‍....
ക്ഷേത്രനടയില്‍ ഞാന്‍ കാത്തു നിന്നു..
ആറ്റുവക്കത്ത് ഞാന്‍ കാത്തിരുന്നു...
പിന്നെ തൊടിയിലും, മൈതാനത്തിന്റെ
ആളൊഴിഞ്ഞ കോണിലും.....
............................
എത്ര പാട്ടുകള്‍ അവള്‍ എനിക്കു വേണ്ടി 'ഡെഡിക്കേറ്റ്'ചെയ്തതാണ്?
എത്ര 'സീനു'കള്‍ ഞാനവള്‍ക്ക് വേണ്ടി 'ഡെഡിക്കേറ്റ്'ചെയ്തു...?
അങ്ങനെയെന്തൊക്കെ...?
...........................
പിന്നെ ഞാന്‍ കേട്ടു....
.......................
ജീവിതം അവള്‍ മറ്റാര്‍ക്കോ 'ഡെഡിക്കേറ്റ്'ചെയ്തെന്ന്......?
ബാക്കിപത്രം

താപം തളിര്‍ക്കൊന്നൊരീമണല്‍ക്കാട്ടിലെ
വാരാന്ത്യസന്ദര്‍ശനത്തിന്റെ വേളയില്‍
അത്തര്‍മണക്കുന്ന സമ്മാനമൊന്നെനിക്കാ-
ദ്യമായ്ത്തന്നൊരാച്ചേട്ടനെക്കണ്ടു ഞാന്‍.
"പേര്‍ഷ്യ"യിലുദ്യോഗം,പൊന്‍പണമൊത്തിരി"
അമ്മ പറഞ്ഞൊരാക്കാര്യങ്ങളോര്‍ത്തു ഞാന്‍...
"നീ വലുതായിട്ടു ചൊല്ലിടാം,അയല്‍ബന്ധു;
കരയൊന്നു കേറിടാന്‍ കനിയാതിരിക്കുമോ..?
കാലം കൊടുങ്കാറ്റുപോലെ കടന്നു പോയ്..
തൊഴില്‍തേടിയലയുന്ന കൂട്ടത്തിലൊരുവനായ്
ചോദ്യശരങ്ങള്‍ സഹിക്കുവാനാകാതെ
മച്ചകത്തില്‍ത്തന്നെ കാലം കഴിച്ചനാള്‍..
ഭാഗ്യമായ് വന്നൊരീ കര്‍മ്മകാണ്ഡത്തിലേ-
ക്കങ്ങനെ-ഞാനുമിറങ്ങിയന്നീ മണ്ണില്‍
നാളുകളങ്ങനെ പിന്നെയും പിനിട്ടു
നാളയെക്കാത്തിരിക്കുനവനായി ഞാന്‍..
"നീയിവിടെങ്ങിനെ വന്നൂ...? തളര്‍ന്നൊരാ
ശബ്ദമെന്നോര്‍മ്മതന്‍ താള്‍കള്‍ മടക്കവേ..
വേനല്‍ ജ്വലിക്കുന്ന 'ഗല്ലി'ക്കകത്തെ മുറി-
ക്കുള്ളിലേക്കു ക്ഷണിച്ചു പറഞ്ഞയാല്‍..
"നാട്ടിലെ ഞാനല്ല;മുന്‍പിലീക്കാണ്മതും
പൊള്ളും വെയില്‍ പോലെ സത്യമത്രേ
ജീവിതമിങ്ങനെ അക്കരെയിക്കരെ
വേഷങ്ങള്‍ മാറിച്ചവിട്ടിടുന്നു...
"നാം വീടു വിട്ടവര്‍,വാടകമണ്ണിലേ
വാടിത്തളരാന്‍ വിധിക്കപ്പെട്ടോര്‍.
എങ്കിലും സംത്യപ്തിയുണ്മയായ് ശേഷിപ്പൂ
നാട്ടിലെന്‍ മക്കള്‍ ചിരിച്ചിടുമ്പോള്‍..."
ഉഷ്ണം പുകയുന്ന ജീവിതമിങ്ങനെ
വേദാന്തമാക്കിയോരെത്രയെത്ര..?
ഈ സ്വപ്നഭൂമിയില്‍ 'അന്ന'ത്തിനായ് വന്ന
ഞാനെത്ര ഭാഗ്യവാന്‍! ഓര്‍ത്തുപോയി...
എണ്ണ ചുരത്തുന്ന മണ്ണിലീ ജന്മത്തെ
കൂട്ടിക്കിഴിച്ചു കണക്കെടുത്തീടവേ
ജീവിതത്തോടു നാം വാങ്ങിയതെന്തെല്ലാം..?
ഉറ്റോരുമുടയോരുമായ് ബാക്കിയാരെല്ലാം...?
വീടു വെയ്ക്കുമ്പോള്‍...
വെച്ചിടേണം പുതിയവീടൊന്നെന്റെ
നാലുകെട്ടു പൊളിച്ചു മാറ്റീടണം
'പുത്തനാശയം' ചേര്‍ത്തു വെച്ചീടുന്ന
പുത്തന്‍ വീടൊന്ന്-മക്കള്‍ക്കൊരാശയായ്.
എത്തിയങ്ങനെ നാട്ടില്‍ ധനാഢ്യനായ്
എന്‍ പടിപ്പുരയന്യമായ്ത്തീര്‍ന്നുവോ..?
അങ്കണത്തിലെ ക്യഷ്ണത്തുളസിയില്‍
ഉദകമേകുവാനൊരുദളമില്ലാതായ്..
മണ്ണിനാര്‍ദ്രതയൊക്കെ വരണ്ടുവോ..?
വേരതൊക്കെയും ചിതല്‍ തിന്നെടുത്തുവോ..?
വേരതൊക്കെയും പണ്ടേ മുറിച്ചു ഞാന്‍
വേറിടുന്നൊരു ജീവിതം തീര്‍ക്കവേ
എന്റെ മുറ്റത്തു പാറിനടന്നൊരാ
തുമ്പിയൊക്കെയുമെങ്ങോ മറഞ്ഞു പോയ്..
പിച്ചവെച്ചു നടന്നൊരെന്‍ മുറ്റത്തെ പുല്‍-
ച്ചെടിപ്പടര്‍പ്പൊക്കെക്കരിഞ്ഞുപോയ്..
വാസ്തവങ്ങള്‍ മറക്കാന്‍ ശ്രമിച്ചു ഞാന്‍
'വാസ്തു'വെപ്പറ്റി ചിന്തിച്ചിരിക്കവേ..
നാലുകെട്ടിന്റെയുള്ളില്‍ ചുമയ്ക്കുന്ന
പച്ചജീവന്റെയുള്‍ത്തുടിപ്പോതുന്നു..
ഒന്നുമോര്‍ത്തു ഖേദിക്കേണ്ട കുഞ്ഞേ നീ
ഞങ്ങളിങ്ങനെയൊക്കെക്കഴിഞ്ഞിടാം..
അന്യനാടിന്റെ ഹ്ലാദഹര്‍ഷങ്ങളില്‍
'വര്‍ഷകാല'ങ്ങളൊക്കെ മറക്കുക!
എന്റെയുണ്ണീ മറന്നേക്കുകിന്നു നീ
മണ്ണുപോലും ചതിക്കുന്ന നാള്‍കളായ്..
'കണ്ണു ചിമ്മാതെ കാവല്‍ നിന്നീ'ടുവാന്‍
കണ്ണുകള്‍ ബാക്കിയില്ലാത്ത കാലമായ്..
സൗഹ്യദപ്പൂസുഗന്ധമേകീടുവാന്‍
സത്യസന്ധനാം ചങ്ങാതിയില്ലാതായ്
മക്കളെയോര്‍ത്തു വേദനയുള്‍ക്കാമ്പില്‍
തിന്നുവാന്‍ മാത്രമായിടും നാളുകള്‍..
വീടു വെച്ചു നീ താമസിച്ചീടാനും
അമ്മയെക്കൊണ്ടു ദീപം തെളിക്കാനും
നീ കൊതിച്ച,വയൊക്കെയും നന്നായി
ഓര്‍മ്മയിത്തിരി നിന്നില്‍ നിറഞ്ഞല്ലോ...!
എന്തൊരാനന്ദം,ഏറെനാളായ്ക്കൊതി-
ച്ചേകരായ്-പിന്നെ താന്തരായീടവേ
എത്തി നീ മുന്നില്‍,ത്യപ്തിയായ് ഞങ്ങള്‍ക്കു
വീടു വെച്ചിടാന്‍ 'വേറിടം' തേടുക...
ഉത്തരങ്ങളതന്വേഷിക്കേണ്ട നീ
ചോദ്യമില്ലാത്ത കാലമായ്, എങ്കിലും
പണ്ടു പണ്ടേ തുടങ്ങിയ പ്രാര്‍ഥന
നിത്യവും നിന്റെ കൂടെയുണ്ടെപ്പൊഴും..
" എന്‍ മക്കളാശു നടക്കുന്ന നേരവും
കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്‌മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍"
വായനശാലയില്‍........
വായനശാലയിലാകെത്തിരക്കാണ്..!
വായനയൊക്കെയും മരവിച്ച കാലത്തി-
തെന്താണ് കാരണമെന്നു തിരക്കവേ..
നാല്‍പ്പത്തിരണ്ടിഞ്ചു സ്ക്രീനിലും മുന്നിലും
ആളുകളേറെയാണതിലേറെയാരവം....
സിക്സറടിക്കുന്ന നേരം ലഹരിയായി
അര്‍ത്ഥനഗ്നാംഗിമാറാടിത്തിമര്‍ക്കുന്നു.
അങ്കവും കണ്ടിടാം താളീമൊടിച്ചിടാം
എന്നപോലെന്തും ലഭിക്കുന്ന കാലമായ്...
അക്ഷരക്കൂട്ടങ്ങള്‍ തേക്കലമാരയില്‍
അസ്പഷ്ടമെന്തോ പുലമ്പിക്കരയുന്നു
നാളെയെ നോക്കി നാരായമെടുത്തവര്‍
'നാവേറു' കൊണ്ടു പിടഞ്ഞുവീണിടുന്നു...
തുഞ്ചനും കുഞ്ചനും മഞ്ജരീകാരനും
മൌനരായ് പ്പണ്ടേ മാറിയിരിക്കുന്നു
ഈവിയും സീവിയും മാറാല പേറുന്നു
'കണ്ണേ മടങ്ങുകെ'ന്നാശാന്‍ മൊഴിയുന്നു..
സങ്കല്പവായൂ വിമാനത്തിലേറുവാന്‍
വായനക്കാരനെത്തേടുന്നു മറ്റൊരാള്‍
ദു:ഖമാണൂണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമൊരെണ്ണം തമസ്സില്‍ക്കിടക്കുന്നു
'ഇന്നു ഞാൻ നാളെ നീ' എന്നു ചൂണ്ടിക്കൊണ്ട്
വേറൊരാള്‍ ചുട്ടനെടുവീര്‍പ്പുതിര്‍ക്കവേ
ഗ്രാമീണസൌഭഗം മോന്തിക്കുടിക്കുവാന്‍
താമരത്തോണി തുഴഞ്ഞെത്തി മറ്റൊരാള്‍
സൌന്ദര്യപൂജയും തീര്‍ന്നിതാ ധൂളിയില്‍
താന്തനായ് ശാന്തനായ് വീണുകിടക്കുന്നു......
വേദനയൊക്കെ കുഴി വെട്ടി മൂടുവാന്‍
ശക്തിയില്ലാതൊരാള്‍ ചാഞ്ഞു ശയിക്കുന്നു
ദു:ഖമാണുണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമിതെന്നും 'തമസ്സി'ല്‍ കിടക്കുന്നു
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയീ
ചില്ലലമാരയില്‍ ധ്യാനിച്ചിരിപ്പവ-
രെത്രപേര്‍..? മാനവസ്നേഹത്തിനായ് മാത്രം
ആശിച്ചിരുന്നവര്‍,ആശംസയേകിയോര്‍..
ശാപങ്ങളേതും ചൊരിയുവാനാകാതെ
മൂകരായ്, ഈവിധം നോക്കിയിരിക്കുന്നു.
അക്ഷരംവിട്ടു നാം അക്കങ്ങള്‍ തേടുവോര്‍
അക്ഷയപാത്രം പണയപ്പെടുത്തുവോര്‍...
ഈ യുഗത്തിന്നു നേര്‍ ബാറ്റാഞ്ഞുവീശവേ
വീണ്ടുമുയര്‍ന്നൊരു സിക്സര്‍ പറക്കുന്നു.
വായനശാലയിലാളുകള്‍ കൂടുന്നു....?
വാദങ്ങളേറുന്നു...വാക്കു പിഴക്കുന്നു...
തുഞ്ചന്‍ പറമ്പു വില്‍ക്കുന്നൂ.......കവിത
അങ്ങനെ.......
കാലചക്രമുരുളുന്നു....
തലമുറകള്‍ മാറി മാറി വരുന്നു...
അപ്പോള്‍പ്പിന്നെ ഭരണരീതിയും
ഭരണാധികാരികളും
മാറാതെ തരമില്ലല്ലോ
എങ്ങും ബഹുനിലമാളികകള്‍
അവിടൊക്കെ അലങ്കരിക്കാന്‍
ചൈനയുടെ 'ഫണ്ടാസ്റ്റിക്' പ്ലാസ്റ്റിക് പ്പൂക്കള്‍
അതിനൊപ്പം വിടരുന്നു,വാണിജ്യതന്ത്രങ്ങള്‍.
ഫ്ലാറ്റുകളില്‍,ആഫീസുകളില്‍(വീടുകള്‍ ഇല്ലാതാകുമല്ലോ)
നാലാള്‍ കൂടുന്നിടത്തൊക്കെയും
സുഖഗന്ധമേകുവാന്‍
വില കൂടിയ 'എയര്‍ഫ്രഷ്ണര്‍'
....
എന്നിട്ടും
ആള്‍ക്കാര്‍ക്കൊക്കെയും നാറ്റം..
ജീവിതമിരമ്പുന്നു.ഹൈപ്പര്‍ചന്തയാണെങ്ങും...
ചാറ്റിംഗും ഇന്റര്‍നെറ്റും
'തെറി'യാല്‍ പൂത്തീടുമ്പോള്‍
തളിരും താരും നേര്‍ത്ത-
താമരനൂലും തോല്‍ക്കും
പ്രണയം പഴങ്കഥ,
പേറ്റുനോവെന്നും ബാക്കി..
കൂടൊന്നു കിടന്നാല്‍ മതി ,
ഒന്നോ രണ്ടോ വട്ടം;
ഐസ്ക്രീം നുണയും പോലെ,
മൊബൈല്‍ ഫോണ്‍ ഗിഫ്റ്റായ് നല്‍കാം.
ഇങ്ങനെ ദേശവും ഭാഷയും മാറീ......
ഗള്‍ഫിലെ ഷേയ്ഖിനു
ഭൂമിയിഷ്ടമായി,'കേരളാലാന്റ്'നന്നത്രേ..
(മലയാളിയേറെ,യവിടെ
വിയര്‍പ്പൊഴുക്കുന്നതാവാം
ഷേയ്ഖിനു നമ്മുടെ മണ്ണേല്‍
'ഇത്തിരി'യേറെ സ്നേഹം
ഒടുവില്‍,ഭരിക്കുന്നോര്‍ ഒന്നിച്ചു തീരുമാനിച്ചു
അക്കാദമികളൊക്കെയും 'ലീസി'നു കൊടുത്തേക്കാം..
പിന്നെ വൈകാതൊരു-
പ്പത്രപ്പരസ്യവും കൂടിക്കണ്ടൂ..
തുഞ്ചന്‍ പറമ്പു വില്‍ക്കുന്നൂ
വിദേശികള്‍ക്ക് മാത്രമായ്....
എന്‍.മുരാരിശംഭു.


