വായനശാലയില്‍........
വായനശാലയിലാകെത്തിരക്കാണ്..!
വായനയൊക്കെയും മരവിച്ച കാലത്തി-
തെന്താണ് കാരണമെന്നു തിരക്കവേ..
നാല്‍പ്പത്തിരണ്ടിഞ്ചു സ്ക്രീനിലും മുന്നിലും
ആളുകളേറെയാണതിലേറെയാരവം....
സിക്സറടിക്കുന്ന നേരം ലഹരിയായി
അര്‍ത്ഥനഗ്നാംഗിമാറാടിത്തിമര്‍ക്കുന്നു.
അങ്കവും കണ്ടിടാം താളീമൊടിച്ചിടാം
എന്നപോലെന്തും ലഭിക്കുന്ന കാലമായ്...
അക്ഷരക്കൂട്ടങ്ങള്‍ തേക്കലമാരയില്‍
അസ്പഷ്ടമെന്തോ പുലമ്പിക്കരയുന്നു
നാളെയെ നോക്കി നാരായമെടുത്തവര്‍
'നാവേറു' കൊണ്ടു പിടഞ്ഞുവീണിടുന്നു...
തുഞ്ചനും കുഞ്ചനും മഞ്ജരീകാരനും
മൌനരായ് പ്പണ്ടേ മാറിയിരിക്കുന്നു
ഈവിയും സീവിയും മാറാല പേറുന്നു
'കണ്ണേ മടങ്ങുകെ'ന്നാശാന്‍ മൊഴിയുന്നു..
സങ്കല്പവായൂ വിമാനത്തിലേറുവാന്‍
വായനക്കാരനെത്തേടുന്നു മറ്റൊരാള്‍
ദു:ഖമാണൂണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമൊരെണ്ണം തമസ്സില്‍ക്കിടക്കുന്നു
'ഇന്നു ഞാൻ നാളെ നീ' എന്നു ചൂണ്ടിക്കൊണ്ട്
വേറൊരാള്‍ ചുട്ടനെടുവീര്‍പ്പുതിര്‍ക്കവേ
ഗ്രാമീണസൌഭഗം മോന്തിക്കുടിക്കുവാന്‍
താമരത്തോണി തുഴഞ്ഞെത്തി മറ്റൊരാള്‍
സൌന്ദര്യപൂജയും തീര്‍ന്നിതാ ധൂളിയില്‍
താന്തനായ് ശാന്തനായ് വീണുകിടക്കുന്നു......
വേദനയൊക്കെ കുഴി വെട്ടി മൂടുവാന്‍
ശക്തിയില്ലാതൊരാള്‍ ചാഞ്ഞു ശയിക്കുന്നു
ദു:ഖമാണുണ്ണീ വെളിച്ചമെന്നോതിയ
ഗ്രന്ഥമിതെന്നും 'തമസ്സി'ല്‍ കിടക്കുന്നു
ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയീ
ചില്ലലമാരയില്‍ ധ്യാനിച്ചിരിപ്പവ-
രെത്രപേര്‍..? മാനവസ്നേഹത്തിനായ് മാത്രം
ആശിച്ചിരുന്നവര്‍,ആശംസയേകിയോര്‍..
ശാപങ്ങളേതും ചൊരിയുവാനാകാതെ
മൂകരായ്, ഈവിധം നോക്കിയിരിക്കുന്നു.
അക്ഷരംവിട്ടു നാം അക്കങ്ങള്‍ തേടുവോര്‍
അക്ഷയപാത്രം പണയപ്പെടുത്തുവോര്‍...
ഈ യുഗത്തിന്നു നേര്‍ ബാറ്റാഞ്ഞുവീശവേ
വീണ്ടുമുയര്‍ന്നൊരു സിക്സര്‍ പറക്കുന്നു.
വായനശാലയിലാളുകള്‍ കൂടുന്നു....?
വാദങ്ങളേറുന്നു...വാക്കു പിഴക്കുന്നു...
മുരാരീ, തുടക്കം നന്നായി. വിശദീകരണം ഇത്രയും വേണോ?
ബൂലോഗത്തേക്ക് സ്വാഗതം. കവിതയുടെ ആശയം കൊള്ളാം. മുകളില്‍ പറഞ്ഞ പോലെ വിശ്താരം കൂടിയോ എന്ന് ശങ്ക. വീണ്ടും എഴുതൂ.
അപ്പോള്‍ ടി വി ആയിരുന്നല്ലേ വില്ലന്‍..
ഡാര്‍സൈറ്റിനെ ഓര്‍ക്കുകയായിരുന്നു...അങ്ങോട്ടുള്ള വഴി, തണല്‍..ഇടറോഡ് .. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്..