റ്ബ്ബുല്‍ അലിമീനായ തമ്പുരാനേ ഞമ്മളേം കമ്മ്യൂണിസ്റ്റാക്കിയോ......
ബഷീര്‍-ശോണവല്‍ക്കരിക്കപ്പെടുമ്പോള്‍
സംഗതി-ബഷീര്‍-ജന്മശതാബ്ദി ആഘോഷങ്ങള്‍
സ്ഥലം.-മസ്ക്കറ്റ്
ആതിഥേയത്വം വഹിക്കുന്നത്-ഇന്‍ഡ്യന്‍ സോഷ്യല്‍ ക്ലബ്ബ്,കേരള വിഭാഗം(ഇടതുപക്ഷ അനുഭാവികള്‍ കൂടുതലുള്ള സംഘടന)
നേത്യത്വം നല്‍കുന്നത്-കേരള സാഹിത്യ അക്കാദമി
സാരഥി- പു.ക.സ ( പുരുഷന്‍ കടലുണ്ടി-സാഹിത്യ അക്കാദമി സെക്രട്ടറി)
പങ്കെടുക്കുന്നവര്‍- പുരുഷന്‍ കടലുണ്ടി-സാഹിത്യ അക്കാദമി സെക്രട്ടറി)
കെ.ഇ.എൻ-ഇടതുപക്ഷ ബുദ്ധിജീവി-
സുകുമാര്‍ അഴീക്കോട്
എം.മുകുന്ദന്‍(അക്കാദമി പ്രസിഡന്റ്)
ആദ്യം വാര്‍ത്ത വായിക്കാം.
മലയാളത്തിന്റെ ഇമ്മിണിബല്യ എഴുത്തുകാരനായ ബേപ്പൂര്‍ സുല്‍ത്താന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മസ്ക്കറ്റിലുള്ള ദാര്‍സൈറ്റ്,ഇന്‍ഡ്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇക്കഴിഞ്ഞ 16-ആം തീയ്യതി വൈകുന്നേരം ഇന്‍ഡ്യന്‍ അംബാസിഡര്‍ ഹിസ് എക്സലന്‍സി അനില്‍ വാധ്വാ നിരവ്വഹിച്ചു.കേരളസാഹിത്യ അക്കദമിയുടേയും ഇന്‍ഡ്യന്‍ എംബസിയുടേയും സം യുക്ത സരംഭത്തിന് മസ്ക്കറ്റിലെ ഇന്‍ഡ്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിംഗാണ് നേത്യത്വം നല്‍കിയത്.അന്നേ ദിവസം രാവിലെ ഏതാണ്ട് 9 മണിയോടെ ആരംഭിച്ച സാഹിത്യ സിംബോസിയത്തിന് ശ്രീ കെ.ഇ.എന്‍ മോഡറേറ്ററായിരുന്നു.ശ്രീ സുകുമാര്‍ അഴീക്കോടിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ ബഷീര്‍ ക്യതികളുടെ ഒരവലോകനവും ഇന്നും ബഷീര്‍ ക്യതികള്‍ക്കുള്ള പ്രസക്തിയും വ്യക്തമാക്കുന്നതായിരുന്നു.ബഷീര്‍ -മതവും ആത്മീയതയും എന്നവിഷയത്തില്‍ ശ്രീ ഷാജഹാന്‍ മാടമ്പാട് അവതരിപ്പിച്ച പ്രബന്ധത്തില്‍, ബഷീറ് സ്വസമുദായത്തിലെ അനാചാരങ്ങളെ എതിര്‍ക്കുന്നതോടൊപ്പം ലോകത്തെ എല്ലാ മതങ്ങളോടും ബഷീര്‍ പുലര്‍ത്തിയ നിര്‍മ്മമതയെ തന്റെ ചെറിയ വലിയ പുസ്തകങ്ങളില്‍ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് വിശദീകരിക്കുകയുണ്ടായി.എന്നാല്‍ വിശ്വാസവും പ്രത്യശാസ്ത്രവും തമ്മില്‍ വേര്‍തിരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ശ്രീ ഷാജഹാന്‍ ചില മുന്‍ വിധികളോടെയല്ലേ സമീപിച്ചത് എന്ന് തോന്നാതിരുന്നില്ല.ബഷീറിന്റെ സിനിമകള്‍ എന്ന വിഷയമവതരിപ്പിച്ച ശ്രീ ജോയ് മാത്യു, യഥാര്‍ഥത്തില്‍ ബഷീറിന്റെ ക്യതികളൊന്നും തന്നെ സിനിമയായിട്ടില്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മതിലുകളും മറ്റും അതാതു തിരക്കഥാക്യത്തുക്കളുടെ സിനിമയാണെന്നാണ് അദ്ദേഹം പ്രകടിപ്പിച്ചത്.ബഷീര്‍ തന്നെ തിരക്കഥ എഴുതിയ ഭാര്‍ഗ്ഗവീനിലയം മാത്രമാണ് സിനിമയെന്ന നിലയില്‍ കണക്കാക്കാവുന്നതെന്നും അദ്ദേഹം പറഞ്ഞു.ബഷീറിന്റെ കഥകള്‍ ജീവിതത്തിന്റെ തുടിപ്പുകള്‍ തന്നെ ആയതുകൊണ്ടാകണം അവയൊക്കെ സിനിമയാക്കുന്നതില്‍നിന്ന് സംവിധായകരെ പിന്തിരിപ്പിക്കുന്നതെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു.പ്രവാസികളുടെ ബഷീര്‍ എന്ന വിഷയം അവതരിപ്പിച്ച ശ്രീ മുസ്സാഫിര്‍ മാത്രമാണ് വിഷയത്തിനോട് സാമാന്യം നന്നായി നീതി പുലര്‍ത്തിയത്.മുസ്സാഫിറിന്റെ പ്രബന്ധം ഒരു കവിത പോലെ മനോഹരമായിരുന്നു.ഏതു യുദ്ധവും നല്‍കുന്ന ദുരിതങ്ങള്‍ അനാഥത്വവും ദാരിദ്ര്യവുമാണെന്ന് ബഷീറിന്റെ 'ശബ്ദങ്ങള്‍' ചേര്‍ത്തു വായിച്ച് അവതരിപ്പിച്ച ആ പ്രബന്ധത്തില്‍ ഗള്‍ഫ്-പാശ്ചാത്യ യുദ്ധങ്ങളില്‍ നിന്നുയരുന്ന നിലവിളികളുടെ നേര്‍ത്ത അലകള്‍ സ്യഷ്ടിക്കാന്‍ മുസ്സാഫിറിനു കഴിഞ്ഞു.ശ്രോതാക്കളെ ബഷീറിന്റെ സ്നേഹസാഗരതീരത്തെത്തിക്കാന്‍ കഴിഞ്ഞ മുസ്സാഫിറിന് നന്ദി. ശ്രീമതി ആല്ഫ ഹിഷാമിന്റെ 'ബഷീറിന്റെ സ്ത്രീകഥാപാത്രങ്ങള്‍'എന്ന പ്രബന്ധവും ശ്രീ എന്‍.ടി.ബാലചന്ദ്രന്റെ 'ബഷീര്‍- എഴുത്തും ജീവിതവും'എന്ന പ്രബന്ധവും ബഷീര്‍ ക്യതികളുടെ ഒരവലോകനത്തില്‍ കവിഞ്ഞ് പുതിയതായ് എന്തെങ്കിലും ആശയം അവതരിപ്പിച്ചോ എന്ന് സംശയം.പ്രബന്ധാവതരണങ്ങൾക്കും ചർച്ചകള്‍ക്കും ഒടുവില്‍ ശ്രീ കെ.ഇ.എന്‍ നടത്തിയ വിലയിരുത്തലില്‍ കാലാതീതമായി ബഷീര്‍ക്യതികള്‍ നിലനില്‍ക്കുന്നതിന്റെ വസ്തുതകള്‍ അക്കമിട്ടവതരിപ്പിച്ചത് നന്നായി ലളിതവും ശുദ്ധവുമായ ഭാഷയിലൂടെ കെ.ഇ.എം വേദിയിലുള്ളവരെ കൈയിലെടുക്കുകയും ചെയ്തു.മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഒന്നും കൂട്ടിക്കുഴക്കാൻ കെ.ഇ.എം തയ്യാറായില്ല എന്നത് ബഷീറിനോടുള്ള അദ്ദേഹത്തിന്റെ ആദരവ് വ്യക്തമാക്കുന്നതായി എനിക്ക് തോന്നി.
സാഹിത്യസമ്മേളനത്തിനൊടുവില്‍ എം.എ.റഹ്മാന്റെ ബഷീറ് ദ മാന്‍ എന്ന ഡോക്കുമെന്ററിയും പൊതുസമ്മേളത്തിനു ശേഷം ബഷീറിന്റെ ജീവിതവും കഥകളും ആസ്പദമാക്കി 'മരുഭൂമികള്‍ പൂക്കുമ്പോള്‍'എന്ന ചിത്രികരണവും ഉണ്ടായിരുന്നു.
അനുബന്ധം.
ഇങ്ങനെ ഒരു അനുബന്ധത്തിന്റെ ആവശ്യമെന്താണെന്നു വെച്ചാല്‍ ആദ്യമേ പറഞ്ഞപോലെയുള്ള കാര്യങ്ങള്‍ ആകുമ്പോള്‍ ആര്‍ക്കും മനസ്സിലാകുമല്ലോ ഇതിന്റെ അജണ്ട എന്തായിരിക്കുമെന്ന്...
മലയാളത്തിന്റെ അപൂര്‍വ്വമായ പശ്ചാത്തലമുള്ള കഥകള്‍ രചിച്ച ഒരു എഴുത്തുകാരന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ മലയാളദേശം വിട്ട് തുടങ്ങിയതിന്റെ അര്‍ഥം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.കേരളത്തില്‍ ഇതിനൊന്നും ആളെ കിട്ടാത്തതാകില്ല കാരണം.അതു തീര്‍ച്ച. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസമനുഭവിച്ച വ്യക്തിയായതിനാലാവാം പ്രവാസികള്‍ക്കു വേണ്ടി സാഹിത്യ അക്കാദമി ഈ സം രംഭം സംഭാവന ചെയ്തത് എന്ന് കരുതാം.പു.ക.സ(പുരുഷന്‍ കടലുണ്ടി,സാഹിത്യ അക്കാദമി)സമ്മേളനത്തിലുടനീളം മൌനിയായിരുന്നത് എന്തുകൊണ്ടായിരുന്നോ എന്തോ? ബഷീറിനെപ്പറ്റി അറിയാതിരിക്കാൻ വകയില്ല.അതോ ഇനി അക്കാദമി പ്രസിഡന്റിനു പറ്റിയപോലെ അബദ്ധമെങ്ങാനും പറഞ്ഞ് പുലിവാല് പിടിക്കേണ്ട എന്നു കരുതിയാകും.എന്തായാലും താല്‍ ജീവിച്ചതിന്റെ ചുട്ടുപൊള്ളുന്ന ഓർമ്മകളുടെ ലോഹക്കൂട്ടുകളാണ് ബഷീറിന്റെ ക്യതികള്‍.കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പതിതനായ,നിസ്വനായ ഒരാള്‍ എങ്ങനെ ജീവിച്ചിരുന്നു എന്നതിന്റെ നേര്‍ രേഖകളാണവയോരോന്നും.ജാതിയോടും മതത്തോടും രാഷ്ട്രീയത്തോടും എന്നും കലഹിച്ച ബഷീറിന് ഒരൊറ്റ പ്രത്യയശാസ്ത്രമേ അറിയാമായിരുന്നുള്ളൂ എന്നു വിശ്വസിക്കാനാണ് ഏത് മലയാളിയും ആഗ്രഹിക്കുന്നത്.അതാകട്ടേ'പ്രപഞ്ചസ്നേഹ'മല്ലാതൊന്നുമല്ല താനും.ബഷീര്‍ ക്യതികളില്‍ ആകെ സ്നേഹരസമാണ് നിറഞ്ഞിരിക്കുന്നതെന്നും ഭൂമി ശയ്യയാക്കിയ എഴുത്തുകാരണാണ് ബഷീര്‍ എന്നും പറഞ്ഞ ശ്രീ സുകുമാര്‍ അഴീക്കോടും എല്ലാ മലയാളി വായനക്കാരനും നെഞ്ചേറ്റിലാളിക്കുന്ന ഒരെഴുത്തുകാരനെ സമ്പൂര്‍ണ്ണമായി ശോണവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമത്തെ വിമര്‍ശിച്ചു കണ്ടില്ല എന്നത് ദു;ഖകരമാണ്.