വീടു വെയ്ക്കുമ്പോള്‍...
വെച്ചിടേണം പുതിയവീടൊന്നെന്റെ
നാലുകെട്ടു പൊളിച്ചു മാറ്റീടണം
'പുത്തനാശയം' ചേര്‍ത്തു വെച്ചീടുന്ന
പുത്തന്‍ വീടൊന്ന്-മക്കള്‍ക്കൊരാശയായ്.
എത്തിയങ്ങനെ നാട്ടില്‍ ധനാഢ്യനായ്
എന്‍ പടിപ്പുരയന്യമായ്ത്തീര്‍ന്നുവോ..?
അങ്കണത്തിലെ ക്യഷ്ണത്തുളസിയില്‍
ഉദകമേകുവാനൊരുദളമില്ലാതായ്..
മണ്ണിനാര്‍ദ്രതയൊക്കെ വരണ്ടുവോ..?
വേരതൊക്കെയും ചിതല്‍ തിന്നെടുത്തുവോ..?
വേരതൊക്കെയും പണ്ടേ മുറിച്ചു ഞാന്‍
വേറിടുന്നൊരു ജീവിതം തീര്‍ക്കവേ
എന്റെ മുറ്റത്തു പാറിനടന്നൊരാ
തുമ്പിയൊക്കെയുമെങ്ങോ മറഞ്ഞു പോയ്..
പിച്ചവെച്ചു നടന്നൊരെന്‍ മുറ്റത്തെ പുല്‍-
ച്ചെടിപ്പടര്‍പ്പൊക്കെക്കരിഞ്ഞുപോയ്..
വാസ്തവങ്ങള്‍ മറക്കാന്‍ ശ്രമിച്ചു ഞാന്‍
'വാസ്തു'വെപ്പറ്റി ചിന്തിച്ചിരിക്കവേ..
നാലുകെട്ടിന്റെയുള്ളില്‍ ചുമയ്ക്കുന്ന
പച്ചജീവന്റെയുള്‍ത്തുടിപ്പോതുന്നു..
ഒന്നുമോര്‍ത്തു ഖേദിക്കേണ്ട കുഞ്ഞേ നീ
ഞങ്ങളിങ്ങനെയൊക്കെക്കഴിഞ്ഞിടാം..
അന്യനാടിന്റെ ഹ്ലാദഹര്‍ഷങ്ങളില്‍
'വര്‍ഷകാല'ങ്ങളൊക്കെ മറക്കുക!
എന്റെയുണ്ണീ മറന്നേക്കുകിന്നു നീ
മണ്ണുപോലും ചതിക്കുന്ന നാള്‍കളായ്..
'കണ്ണു ചിമ്മാതെ കാവല്‍ നിന്നീ'ടുവാന്‍
കണ്ണുകള്‍ ബാക്കിയില്ലാത്ത കാലമായ്..
സൗഹ്യദപ്പൂസുഗന്ധമേകീടുവാന്‍
സത്യസന്ധനാം ചങ്ങാതിയില്ലാതായ്
മക്കളെയോര്‍ത്തു വേദനയുള്‍ക്കാമ്പില്‍
തിന്നുവാന്‍ മാത്രമായിടും നാളുകള്‍..
വീടു വെച്ചു നീ താമസിച്ചീടാനും
അമ്മയെക്കൊണ്ടു ദീപം തെളിക്കാനും
നീ കൊതിച്ച,വയൊക്കെയും നന്നായി
ഓര്‍മ്മയിത്തിരി നിന്നില്‍ നിറഞ്ഞല്ലോ...!
എന്തൊരാനന്ദം,ഏറെനാളായ്ക്കൊതി-
ച്ചേകരായ്-പിന്നെ താന്തരായീടവേ
എത്തി നീ മുന്നില്‍,ത്യപ്തിയായ് ഞങ്ങള്‍ക്കു
വീടു വെച്ചിടാന്‍ 'വേറിടം' തേടുക...
ഉത്തരങ്ങളതന്വേഷിക്കേണ്ട നീ
ചോദ്യമില്ലാത്ത കാലമായ്, എങ്കിലും
പണ്ടു പണ്ടേ തുടങ്ങിയ പ്രാര്‍ഥന
നിത്യവും നിന്റെ കൂടെയുണ്ടെപ്പൊഴും..
" എന്‍ മക്കളാശു നടക്കുന്ന നേരവും
കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്‌മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍"
nice , best wishes
oru chullikkadan touch,.....