ദു:ഖവെള്ളിയാഴ്ച്ചകള്‍
നാട്ടിലേക്ക് വിളിക്കുവാന്‍ നേരമായ്
വെള്ളിയാഴ്ച്ച വിഷാദങ്ങളേകുന്നു..
കാതമക്കരെ കാതുകൂര്‍പ്പിച്ചവള്‍
കാത്തിരിക്കുന്നു...ഞനെന്തു ചൊല്ലുവാന്‍..?
എങ്കിലും വാങ്ങി 'പ്രീപെയ്ഡൊ'രെണ്ണം ഞാന്‍
നിന്നെയൊന്നു വിളിക്കാതെ വയ്യല്ലോ...
എന്തു ചൊല്ലാന്‍ വിശേഷങ്ങളായി..?ഞാന്‍
ഇങ്ങനൊക്കെക്കഴിഞ്ഞു കൂടീടുന്നു..
(ഉഷ്ണമാപിനി പോലും പനിക്കുന്ന
താപമേറ്റ് തളര്‍ന്നത് ചൊല്ലണോ?
വീട്ടുവാടക കൂടുന്നു...തീവില..
ജോലി ചേമ്പിലേല്‍ വീണ വെള്ളം പോലെ..
എന്തിനീ പരമാര്‍ഥങ്ങളൊക്കെയും
നീയറിഞ്ഞിട്ട് വേദന തിന്നണം..?)
നല്ലുടുപ്പൊന്ന് വാങ്ങിയോ കുട്ടന്..?
പൊന്നുമോള്‍ ക്ലാസ്സിലൊന്നാമതെത്തുമോ?
അമ്മ,അച്ഛന്‍ തുടങ്ങിയോരൊക്കെയും
സൗഖ്യരാണല്ലോ..നിന്‍ കാര്യമെങ്ങെനെ?
പിന്നെ നിന്റെ പരിദേവനങ്ങളായ്..
ചിനുചിനെയെന്ന ചാറ്റമഴപോലെ..
"ശമ്പളം കിട്ടിയെന്‍പേര്‍ക്കയച്ചുവോ..?
അച്ഛനെയിട്ടലട്ടുന്നതെങ്ങനെ?
അമ്മതന്‍ മരുന്നൊക്കെ മുടങ്ങാതെ
വാങ്ങിടേണ്ടെ,കുഴമ്പും കഷായവും..?
മക്കള്‍ നന്നായ് പഠിക്കുന്നു,സ്കൂളിലെ
ഫീസ്,വേണം തലവരി വേറെയും...
നിങ്ങളുണ്ടോ അറിയുന്നു പ്രാരാബ്ധം?
ഒക്കെയൊറ്റ്യ്ക്ക് ചെയ്തു തീര്‍ത്തീടുന്നു....
നിങ്ങളില്ലാത്ത ന്യൂനതയൊന്നുമേയാ-
രെയെന്തിന് ഞാനറിയിക്കണം..?
വയ്യ വയ്യിനി ..ഓടിത്തളര്‍ന്നു ഞാന്‍
'ലീവ'തെങ്ങാനും കിട്ടി വരാറായോ..?“
പിന്നെ നിന്റെ പരിഭവമൊക്കവേ
പെയ്തു തീരാതെ പേമാരിയാകുമ്പോള്‍..
ഞാനിറങ്ങി നടന്നൂ പൊരിവെയില്‍-
ത്തണലിലേകനായെന്‍'കാര്‍ഡ്' തീര്‍ന്നുപോയ്....
പ്രവാസിയുടെ ദുഃഖങ്ങള്‍...!
മരു ഭൂമിയിൽ നിന്നുണരുന്ന ഒരു ചുടുനെടുവീർപ്പ് പോലെ ഈ കവിത..
വിഷയം പഴയതായാലും അനുഭവത്തിണ്റ്റെ ചൂടുണ്ട്.
തളരാതെ മുരാരി..
താരകനും തലശ്ശേരിമാഷ്നും പിന്നെ വഴിപോക്കനും ഒന്നു മിണ്ടിയതിന് പ്രത്യേക നന്ദി.
തലശ്ശേരി പറഞ്ഞതു പോലെ വിഷയം പഴയതെങ്കിലും അനുഭവത്തിന്റെ ചൂട് അതിനെ മറയ്ക്കുന്നു
ആശം സകൾ
കവിതകള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
ഒരു ശരാശരി പ്രവാസിയുടെ ജീവിതം നന്നായി വരച്ചിട്ടിരിക്കുന്നു..
വയനാടന്‍,സപ്ന,വെട്ടിക്കാട് -കവിത വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി.