മകളോട്....
മകളേയിതുനിനക്കായ്ക്കുറിക്കുമ്പൊഴും
മിഴിയിലാര്‍ദ്രതാമഷി പടരുമ്പൊഴും
ഇരുളുവന്നെന്നെപ്പൊതിയുമ്പൊഴും നിന്റെ
മ്യദുസ്വരം വന്നെന്‍ക്കാതിലലിയുന്നു
എങ്ങനോമനേ നിന്മുഖം പത്മമോ..?
കാന്തിയേറുന്ന പനിമതിക്കൊപ്പമോ..?
ഇന്നു നീ ചിരിക്കുന്നോ..?കരയുന്നുവോ..?
അമ്മയൊപ്പം പരിഭവിക്കുന്നുവോ..?
'ഇങ്കു'ചാലിച്ചെടുത്തുതരുവതും
പൊന്നുതേനിലുരച്ചു തരുന്നതും
അന്നലൂഞ്ഞാലിലാട്ടിയുറക്കുവാന്‍
അമ്മയോടൊത്തു താരാട്ടു ചൊല്‍വതും..
ഏറെയെന്തിനു വായിച്ചെടുക്കണം ...?
ഒക്കെയന്യമായ്ത്തീരുന്ന നാള്‍കളില്‍.. .
പിന്നെയോര്‍ത്തെന്റെ ചങ്ങാതിമൊഴികളെ
"കവി പറയുന്ന പോലല്ല കാര്യങ്ങള്‍.....
കവിതപോലല്ല.. കല്പനപോലല്ല..
മോഹമണ്ണു വിഴുങ്ങുന്നു ഭാഗ്യങ്ങള്‍ ....."
കാലമേല്പിച്ച കൌതുകമാണു നീ..
കാവ്യമായ് വന്ന ധന്യതയാണു നീ..
കല്‍വിളക്കിലും കത്തുന്ന നെയ്ത്തിരീ
സ്വര്‍ണ്ണനാളമായ് വന്നവളാണു നീ..
നേരിലൊന്നിനിയെന്നു ഞാന്‍ കാണുന്നു..?
നാള്‍കളെത്രയിനിക്കഴിക്കേണ്ടുന്നു..?
എന്റെ വര്‍ണ്ണരഥങ്ങള്‍ പറക്കുന്നൂ...
വീഥിയത്ര സുഗമമല്ലെങ്കിലും ....
എന്മലരേ,നിനക്കായൊരിക്കലീ-
യച്ഛനെത്തും ..തിരിച്ചറിഞ്ഞീടുമോ..?
(വീണ്ടും പ്രവാസദു:ഖം തന്നെ.2000-ല്‍ മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണീ കവിത.മറ്റൊന്നും പോസ്റ്റ് ചെയ്യാന്‍ ഇല്ലാത്തതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.സദയം ക്ഷമിക്കുക.)
നന്നായിരിക്കുന്നു മൂശാരി.
നല്ല വരികള്‍,..നല്ല കല്‍പ്പനകള്‍,..
'പിന്നെയോര്‍ത്തെന്റെ ചങ്ങാതിമൊഴികളെ
"കവി പറയുന്ന പോലല്ല കാര്യങ്ങള്‍.....
കവിതപോലല്ല.. കല്പനപോലല്ല..
മോഹമണ്ണു വിഴുങ്ങുന്നു ഭാഗ്യങ്ങള്‍ ....."'
കൊള്ളാം.
അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ. 'അവള്‍' 'അ വാള്‍' ആകുമ്പോള്‍ വിഷമം.
വയനാടനും ശ്രീജിത്തിനും നന്ദി. തലശ്ശേരിയുടെ നിര്‍ദ്ദേശത്തിന്ന് പ്രത്യേകം നന്ദി.വായനയിലെ ശ്രദ്ധ അഭിനന്ദനീയം തന്നെ.എഴുത്തിലെ ശ്രദ്ധ കാത്തുകൊള്ളാം.