ശരണം തേടുന്ന പമ്പ…
ഇരുകരകൾക്കും ഹ്യദയതാളമായ്
തടം തല്ലിപ്പാഞ്ഞപ്പുഴയത്രേ പമ്പ,
പുഴയും തീരവും തിരിച്ചറിയാത്ത
നിലയിൽ,നീയിന്നു ശരണം തേടുന്നു….
ഇടറി വീഴുന്ന മിഴിനീർപോലെ നീ
അവിടവിടെയായ് തളം കെട്ടി നില്പൂ…
മലനിരകളും വനതടങ്ങളും
കടന്നു വന്നു നീ കുളിർ പകർന്ന നാൾ…
ജനപദങ്ങൾ നിൻ തെളിനീരിൽ മുങ്ങി
നിവരുമ്പോൾ മനം തെളിഞ്ഞു പൂതമായ്..
മനുജനാമോദപ്പടയണിപ്പാട്ടിൽ
അരിയകോലത്തിലുറഞ്ഞു തുള്ളുന്നൂ….
തിരുവോണത്തോണി തിലകം ചാർത്തുന്ന
തിരകളിൽ പള്ളിയുണരുന്നോടങ്ങൾ..
മധുരഭാഷയ്ക്കു നിലമൊരുക്കുവാൻ
കരുണേശന്മാർക്കു കുളിർപകർന്നു നീ
സുക്യതഗംഗയായ് .., മലയാളത്തിന്റെ
പരന്ന മണ്ണിൽ നീ പ്രണയകാലമായ്..
വയലുകൾക്കൊക്കെ, സമ്യദ്ധിയേകി നീ
വെയിലു ചായുമ്പോൾ മഴവിൽ തീർത്തതും
കനവ് മാത്രമായ്…കഥകൾ മാത്രമായ്…
നിനവിൽ നീയൊരു ചരിത്രബിന്ദുവായ്…
ഇനിയുമെന്നു നീ നിറഞ്ഞ പമ്പയായ്
കളകളം പാടി പതഞ്ഞൊഴുകുന്നു…?
ഇനിയെനിക്കെന്നു പുലരികൾ നിന്റെ
വിരിമാറിൽ മുങ്ങിക്കുളിരണിഞ്ഞിടാൻ…?
കടന്നുപോയവർക്കുദകമേകുവാൻ
ഇനിയുമെന്നു നീ കടന്നു വന്നിടും…?
ഒരിക്കൽക്കൂടി നീ നിറഞ്ഞൊഴുകണം
പാപക്കറകളൊക്കെയും കഴുകിമാറ്റണം
കരളു കീറുമീപുതുഹലായുധർക്ക-
നുസരിക്കാത്ത പ്രളയമാകണം….
ഹ്യദയവാഹിനിയാകണം പിന്നെ നീ
പുതുയുഗത്തിനു പുണ്യമേകീടണം….?
പമ്പപോലും കരയുകയാണിന്ന്, മരിയ്ക്കാത്ത പമ്പയെ മണല്ക്കുഴി കുഴിച്ച് ജീവനോടെ
മൂടുകയാണു.
അങ്ങ് തലയ്ക്കൽ പിടലിക്ക് കയറിട്ടുമുറുക്കി കണ്ണിൽ നിന്നും തീപ്പൊരി സൃഷ്ടിച്ച് മാളൊരെ വെളിച്ചം കാണിക്കുകയാണു.
നല്ല കവിത.
നല്ല താളത്തിൽ ഒരു പമ്പാസ്തവം!
പ്രിയപ്പെട്ട കലാവല്ലഭവനും ശ്രീനാഥനും ആത്മാര്‍ഥതയാര്‍ന്ന അഭിനന്ദനവചസ്സുകള്‍ക്ക് നന്ദി....പിന്നെയും നന്ദി.
നല്ല കവിത. പമ്പയ്ക്കൊരു ചരമഗീതവും ഒപ്പം പ്രതീക്ഷയുടെ ഒരു ചെറു തിരിനാളവും.. ആശംസകൾ
പാവത്താനേ നന്ദി...വല്ലപ്പോഴും ഇതു വഴി വരിക..