പ്രവാസത്തിന്റെ നാൾവഴികൾ.
പ്രവാസം എന്ന പദത്തിനർഥം അന്യദേശത്തെ അധിവാസമെന്നാണ് നാം അർഥമാക്കുന്നത്.കുടിയേറ്റമെന്നും പരദേശജീവിതമെന്നുമൊക്കെ നാം തരം പോലെ വ്യാഖ്യാനിക്കുന്നു.സ്വദേശം വിട്ടുള്ള ഏതു ദേശവും ഒരു മൂന്നാമിടമാണെന്നും അവിടങ്ങളിൽ ജീവിക്കുന്ന നാം ചിതറിയവരാണെന്നുമൊരു ബോധം അറിയാതെ നമ്മെ എപ്പോഴും വേട്ടയാടുന്നു.1970കളോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് ശക്തമായതായാണ് ഇതു സംബന്ധിച്ച ചില കണക്കുകൾ സൂചിപ്പിക്കുന്നത്.സാമ്പത്തികസുരക്ഷയുടെ സ്വപ്നങ്ങളും പേറി മോഹമണ്ണിൽ വന്നിറങ്ങിയവരിൽ എത്ര പേർക്ക് ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു എന്നത് വേറെ കാര്യം.അതെന്തായാലും പ്രവാസം നല്കുന്ന പാഠങ്ങൾ പലതാണ്. പിറന്ന നാടും വീടും അന്യാധീനമാക്കപ്പെടുന്ന നാളുകൾ ,അത് ഏതൊരാൾക്കും നല്കുന്ന അനുഭവങ്ങൾ വളരെ വലുതാണ് . പിറന്ന മണ്ണിനെ വിട്ടുള്ള ഏത് ജീവിതവും പ്രവാസം തന്നെ.ആദ്യകാലത്ത് കേരളത്തിനു വെളിയിലുള്ള -ഇന്ത്യക്കകത്തു തന്നെ-പ്രവാസമായിരുന്നു എവിടെയും ചർച്ച ചെയ്യപ്പെട്ടിരുന്നത്.നമുക്ക് പല നല്ല എഴുത്തുകാരെയും കിട്ടിയത് ഇവിടങ്ങളിൽ നിന്നായിരുന്നു.നല്ല കുറേ ക്യതികളും.ഡൽ ഹിയിലെ ജീവിതാനുഭവങ്ങളുടെ ചൂടും ചൂരുമൊക്കെ ആവാഹിച്ചെഴുതപ്പെട്ട മലയാളക്യതികളാണല്ലോ മുകുന്ദൻ,കാക്കനാടൻ,വിജയൻ തുടങ്ങിയവരുടെ ക്യതികൾ.കഥയും പശ്ചാത്തലവുമെല്ലാം കേരളീയമായിത്തന്നെ നില്ക്കുമ്പോഴും പ്രവാസം നല്കിയ അസ്വസ്ഥതകാളാണ് ഈ ക്യതികളുടെയെല്ലാം സ്യഷ്ടികർമ്മത്തിന‍് ഹേതുവായിത്തീർന്നിട്ടുള്ളത്.തകഴി,കാരൂർ ബഷീർ തുടങ്ങിയവരുടെയൊക്കെ കഥാവസന്തത്തിനു ശേഷം വന്ന നമ്മുടെ കഥാസാഹിത്യത്തിലെ തുലാവർഷപ്പെരുമഴയായിരുന്നല്ലോ ഇവരിലൂടെ നാം അനുഭവിച്ചറിഞ്ഞത്. കേരളത്തിൽ തന്നെ ജീവിച്ച് എഴുതിയ എത്രയോ പേരുടെ ക്യതികളിൽ അവരുടെ ചില കഥാപാത്രങ്ങൾ പ്രവാസത്തിന്റെ ആതങ്കഹർഷങ്ങൾ അനുഭവിച്ചറിയുന്നുണ്ട്.ഇത് രസാവഹമായ ഒരന്വേഷണമായിരിക്കും.മലയാളനോവലിന്റെ പ്രോദ്ഘാടകക്യതിയായ ഇന്ദുലേഖ മുതൽ ഈ അന്വേഷണം നാം തുടങ്ങേണ്ടിയിരിക്കുന്നു.കാരണമായോ അകാരണമായോ പ്രവാസത്തിനു വിധേയനാകുന്ന മാധവനെത്തേടിയുള്ള അന്വേഷണവും കണ്ടെത്തലും തുടർന്നുള്ള ,കുപ്രസിദ്ധമോ സുപ്രസിദ്ധമോ ആയ പതിനെട്ടാം അധ്യായവുമൊക്കെ നമുക്ക് ഇവിടെ ചിന്തിക്കേണ്ടി വരുന്നു.പിന്നെയും പ്രവാസത്തിന്റെ കൈവഴികളിളൂടെ വിധിനിയോഗമെന്നോണം നിരാലംബരായി സഞ്ചരിക്കുന്ന എത്രയോ നായികാനായക്നമാർ.അങ്ങ് വിന്ധ്യന്റെ താഴ്വരയിൽ ,ആശാന്റെ ലീലയെയും പണിതീരാത്ത വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ പാറപ്പുറത്തിന്റെ പട്ടാളക്കാരനെയും നമുക്ക് കണ്ടെത്താം.അങ്ങനെ എത്രയെത്ര പ്രവാസങ്ങൾ,ജീവിതമെന്ന സമസ്യ പൂരിപ്പിക്കാൻ അഥവാ മോക്ഷം തേടാൻ ഈ അന്യദേശവാസം അനിവാര്യമാകുന്ന സന്ദർഭങ്ങളെപ്പറ്റിയുള്ള അന്വേഷണം നമുക്ക് തുടരാം...അഥവാ മനസ്സുകൊണ്ടെങ്കിലും പ്രവാസിയാകാത്ത ആർക്കാണ് അക്ഷരകലയുടെ പുണ്യം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്......?